കൊച്ചി: ഉമ്മന്‍ചാണ്ടിയുടെ ഫ്ളെക്സ് കീറിയത് അംഗീകരിക്കാനാവില്ലെന്നു മാത്യു കുഴല്നാടന്. ഫ്ലക്സ് വലിച്ചു കീറുന്നത് കോണ്‍ഗ്രസ് സംസ്കാരം ഉള്ളവരുടെതാണെന്ന് വിശ്വസിക്കുന്നില്ലെന്നും കുഴല്നാടന് മാധ്യമങ്ങളോടു പ്രതികരിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്റെ വിമര്‍ശനത്തോടും കുഴല്നാടന് പ്രതികരിച്ചു.
ആര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്രം കോണ്‍ഗ്രസിലുണ്ട്. പക്ഷേ, അതു തെരുവിലേക്കു കൊണ്ടുവന്നു ബഹുമാന്യരായ നേതാക്കന്മാരുടെ ഫ്ളെക്സ് വലിച്ചു കീറിയത് അംഗീകരിക്കാന്‍ കഴിയില്ല. അതു കോണ്‍ഗ്രസിനെ സ്നേഹിക്കുന്ന ആരും ചെയ്യില്ല.
പ്രത്യേകിച്ച് ഉമ്മന്‍ ചാണ്ടിയുടെത് അടക്കം. സിപിഎംകാരാല് അങ്ങേയറ്റം വേട്ടയാടപ്പെട്ട ഒരു മനുഷ്യനാണ് അദ്ദേഹം. നീതിമാനായിട്ടും വേട്ടയാടപ്പെട്ട നേതാവ്. ഇങ്ങനെത്തെ കാര്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല.
രാജ്മോഹന്‍ ഉണ്ണിത്താന് പറഞ്ഞതു പോലെ താന്‍ അല്പ്പനും നിസാരനുമാണെന്നും മാത്യു കുഴല്നാടന് പറഞ്ഞു. അദ്ദേഹം പറഞ്ഞത് ഞാന്‍ അതേപടി അംഗീകരിക്കുകയാണ്. ഞാന്‍ അദ്ദേഹത്തിന്റെ മുന്നില്‍ അല്പ്പനും നിസാരനുമാണ്. അദ്ദേഹം പറഞ്ഞതിനോടു പ്രതികരിക്കാനുള്ള വലിപ്പം എനിക്കില്ല. പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നുമില്ല. അതു ക്ലോസ്ഡ് ചാപ്റ്റര്‍ ആണ്. സംസാരിക്കാനില്ലെന്നും കുഴല്നാടന് പറഞ്ഞത്.
കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ മുസ്ലം ലീഗ് ഇടപെടണ്ട എന്ന മാത്യു കുഴല്‍നാടന്റെ പ്രസ്താവനയെ വിമര്‍ശിച്ചായിരുന്നു ഉണ്ണിത്താന് സംസാരിച്ചത്. ഇവിടെ ഒരു കോണ്‍ഗ്രസ് നേതാവ് ചോദിച്ചു, കോണ്‍ഗ്രസിന്റെ കാര്യങ്ങളില്‍ ഇടപെടാന്‍ ലീഗിന് എന്ത് അവകാശം എന്ന്. അല്പന് ഐശ്വര്യം കിട്ടിയാല്‍ അര്‍ധരാത്രിയും കുടപിടിക്കുമെന്നൊരു ചൊല്ലുണ്ട്. അതു ചോദിക്കാന്‍ അയാള്‍ക്കെന്ത് അവകാശം - ഇതായിരുന്നു ഉണ്ണിത്താന്റെ പ്രതികരണം.